നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രധാന വദന രോഗമാണ് വായ്പുണ്ണ്.രോഗപ്രതിരോധശേഷിയിൽ വരുന്ന വ്യതിയാനങ്ങൾ ആണ് ഇതിന് കാരണമാകുന്നത്. ഏകദേശം 40% ആളുകളിൽ പാരമ്പര്യമായി കണ്ടുവരുന്നു. കുട്ടികളിൽ ബ്രഷ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില തെറ്റുകൾ മൂലവും വായ്പുണ്ണ് ഉണ്ടാവാം.മൂർച്ചയുള്ള പല്ല് ടൂത്ത് ബ്രഷ് എന്നിവ മൂലം ഉണ്ടാകുന്ന പരിക്കുകൾ കാരണവും ഇത് ഉണ്ടാവാം.
വേദനസംഹാരികൾ പോലുള്ള ചില ഇനം മരുന്നുകളും ഈ രോഗാവസ്ഥയുടെ കാരണമാണ്. അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവുമൂലവും ഇതുണ്ടാവാം. വറുത്തതും പൊരിച്ചതും മസാലയും എരിവും കൂടുതലുള്ള ആഹാരസാധനങ്ങൾ സോഡാ പോലുള്ള പാനീയങ്ങൾ ചില സോഫ്റ്റ് ഡ്രിങ്കുകൾ ഇവയെല്ലാം വായ്പുണ്ണ് വരുന്നതിനുള്ള ചില കാരണങ്ങളാണ്. അണുബാധ മൂലം ഉണ്ടാകുന്ന ചില രോഗങ്ങളുടെ ലക്ഷണമായും വായ്പുണ്ണ് കണ്ടുവരുന്നു.
ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ, ചില ടൂത്ത്പേസ്റ്റുകളിലെ കെമിക്കലുകൾ തുടങ്ങിയവയെല്ലാം വായ്പുണ്ണ് എല്ലാ പ്രായക്കാരിലും എത്തുന്നതിന് കാരണമാകുന്നു. വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകൾ ആണിത്. മുറിവുകളുടെ മധ്യഭാഗം മഞ്ഞനിറവും ചുറ്റും ചുവപ്പു നിറവും ആയിരിക്കും. രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അവ ഒഴിവാക്കുകയോ ചികിത്സ തേടുകയോ ചെയ്യുക.
മാറാതെ തുടരുന്ന വായ്പുണ്ണ് ക്യാൻസർ പോലുള്ള മാരക രോഗത്തിന്റെ ലക്ഷണവും ആവാം. അതിനാൽ രോഗം നിർണയിക്കുകയും അതിനുള്ള കാരണം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.വായ നല്ല ശുചിയായി വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. വായിലെ ശുചിത്വം മുറിവുകൾ ഭേദമാകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. പോഷക കുറവുമൂലമാണ് ഇത് ഉണ്ടാകുന്നതെങ്കിൽ സമീകൃത ആഹാരം ശീലം ഉറപ്പുവരുത്തുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.