സവാളയുണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഒരു ഉള്ളി മസാല തയ്യാറാക്കാം. ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഇതുപോലെ ഒരു മസാല കറി ഉണ്ടെങ്കിൽ ഇനി എത്ര വേണമെങ്കിലും കഴിച്ചു കൊണ്ടിരിക്കാം. എങ്ങനെയാണ് ഈ രുചികരമായ ഉള്ളി മസാല തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. സവാള പകുതി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം സവാള നല്ലതുപോലെ വഴന്നു അതിൽനിന്നും വെള്ളമെല്ലാം വറ്റി വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് ഇളക്കുക. പച്ചമണം മാറി വരുന്നത് വരെ ഇളക്കുക. അതിനുശേഷം എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് കൊടുക്കുക. മുളകുപൊടിയുടെയും പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക.
അതിനുശേഷം ഒരു ടീസ്പൂൺ ഗരം മസാല പൊടിയും കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മൂടിവെച്ച് വേവിച്ചെടുക്കുക. കുറച്ച് സമയത്തിന് ശേഷം തക്കാളി എല്ലാം വെന്ത് ഉടഞ്ഞു വരുമ്പോൾ ഉപ്പ് പാകമായോ എന്ന് നോക്കി മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ശേഷം രുചിയോടെ വിളമ്പാം. ഇനി എല്ലാവരും തന്നെ ഇതുപോലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഉള്ളി മസാല ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.