Restaurant Style Veg Manchurian Gravy : റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന വെജ് മഞ്ചൂരിയൻ ഗ്രേവി ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് കാബേജ്, ഒരു കപ്പ് ക്യാരറ്റ്, ഒരു പച്ചമുളക് ഇവയെല്ലാം പൊടിപൊടിയായി അരിഞ്ഞത് എടുത്തു വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളകുപൊടി 4 ടീസ്പൂൺ മൈദ 4 ടീസ്പൂൺ കോൺഫ്ലവർ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് തിരുമ്മിയെടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കാൻ പാകത്തിന് മാവ് തയ്യാറാക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിലേക്ക് ചെറിയ ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇട്ടുകൊടുത്തു ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് എട്ടോ പത്തോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറിയ വലുപ്പത്തിൽ അരിഞ്ഞെടുത്ത് ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇവയെല്ലാം വാടി വരുമ്പോൾ രണ്ട് ടീസ്പൂൺ തക്കാളി സോസ്, രണ്ട് ടീസ്പൂൺ ചില്ലി സോസ് ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം എരുവിന് ആവശ്യമായ കുരുമുളകുപൊടി, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒന്നര ടീസ്പൂൺ കോൺഫ്ലവർ പൊടിയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കിയതിനുശേഷം പാനിലേക്ക് ഒഴിച്ച് കൊടുക്കുക. നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ പുറത്തുവച്ചിരിക്കുന്ന ഓരോ ഉണ്ടകളും ചേർത്തുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുമുകളിൽ ആയി കുറച്ചു മല്ലിയില ഇട്ട് കൊടുക്കുക. ശേഷം ഇറക്കി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.