Making Of Dry Prown Muringa Curry : ഉണക്ക ചെമ്മീൻ എല്ലാവരും ചമ്മന്തി വെച്ച് അതുപോലെതന്നെ വറുത്തും കഴിച്ചിട്ടുണ്ടായിരിക്കും. എന്നാൽ ഒരു തീയൽ ഉണ്ടാക്കി നോക്കിയാലോ. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ഉണക്ക ചെമ്മീൻ എടുത്ത് ഒരു പാനിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം അതിൽ നിന്ന് പകുതിയെടുത്ത് പൊടിച്ച് മാറ്റിവയ്ക്കുക.
അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയത് രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. നാളികേരം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് നുള്ള് പെരുഞ്ചീരകപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുകും രണ്ട് വറ്റൽമുളകും ചേർത്ത് നന്നായി വറുത്തെടുക്കുക ശേഷം അതിലേക്ക് പത്തോ പതിനഞ്ചോ ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതോടൊപ്പം മൂന്ന് പച്ചമുളക് ചേർത്തു കൊടുക്കുക. വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
അതോടൊപ്പം രണ്ട് മുരിങ്ങക്കായ മീഡിയം വലുപ്പത്തിൽ മുറിച്ചത് ചേർത്തു കൊടുക്കുക അതിലേക്ക് ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. വേന്തു വന്നതിനുശേഷം വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ ഇറക്കി വയ്ക്കാം. Video Credit : Sheeba’s Recipes