ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വായ്പുണ്ണ് വരാത്തവരായി ആരും ഉണ്ടാവുകയില്ല. സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഇത്.ചിലർക്ക് അത് നാവിൽ ആയിരിക്കും വരിക. ചില ആളുകളിൽ അത് ചുണ്ടിൽ മോണയോട് ചേർന്ന് ഉണ്ടാകുന്നു. നല്ല വേദനയും ഭക്ഷണം കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ടും എല്ലാമാണ് ഇത് മൂലം ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ എന്തു മാറ്റം ഉണ്ടായാലും അത് ചെറിയ രീതിയിൽ എങ്കിലും ശരീരത്തിൽ പ്രതിഫലിക്കുന്നു.
അത്തരത്തിലുള്ള ഒരു പ്രതിഫലനമാണ് വായിൽ പുണ്ണായി പ്രകടിപ്പിക്കുന്നത്. വായ്പുണ്ണ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിത രീതിയാണ്. ഉറക്കക്കുറവ്, ദഹന പ്രശ്നങ്ങൾ, അസിഡിറ്റി പ്രശ്നങ്ങൾ, അമിതമായിട്ടുള്ള സ്ട്രെസ്സ്, മലബന്ധം, രോഗപ്രതിരോധശേഷി കുറയുന്നത് തുടങ്ങിയവയെല്ലാം വായ്പുണ്ണ് ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്. ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവം മൂലവും ഇതുണ്ടാവുന്നു.
കുട്ടികളിൽ ഇത് ഉണ്ടാവുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വായിന്റെ തൊലി പല്ലിൻറെ അറ്റം കൊണ്ടോ കടിക്കുമ്പോഴോ മുറിഞ്ഞ ശേഷം അത് പുണ്ണായി മാറുന്നത്. ലഹരി ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗവും,പാൻ മസാലകൾ എന്നിവ ഉപയോഗിക്കുന്നവരിലും വായ്പുണ്ണ് കണ്ടുവരുന്നു. ക്യാൻസർ ചികിത്സയിലും ഹൃദ്രോഗത്തിന്റെ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകൾ വായ്പുണ്ണിന് കാരണമാകുന്നുണ്ട്.
പ്രധാനമായും കൂടുതൽ ദിവസങ്ങളായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ഇതിനുള്ള മറ്റൊരു കാരണമാണ്. മൂന്നാഴ്ചയിൽ കൂടുതലായി മാറാതിരിക്കുകയാണെങ്കിൽ ഡോക്ടറിന്റെ സഹായം തേടുക. ക്യാൻസർ പോലുള്ള മറ്റുപല രോഗങ്ങളുടെ ലക്ഷണമായും ഇത് കണ്ടുവരുന്നു. ചെറിയ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുന്നത് വായ്പുണ്ണിന് ആശ്വാസമാകും. ഇടയ്ക്കിടെ വായ്പുണ്ണ് വരുന്നവർ അതിനുള്ള യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സ തേടുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.