Making Of Tasty Koththu Chappathi : എന്നും ചപ്പാത്തിയും ഒരുപോലെ കഴിച്ച മടുത്തു പോയോ എന്നാൽ ഇനി ചപ്പാത്തി വളരെ വെറൈറ്റി ആയി തയ്യാറാക്കാം. കൊത്തു പൊറോട്ട എല്ലാവരും തന്നെ കഴിച്ചു കാണും. അതുപോലെ തന്നെ അതേ രുചിയിൽ കൊത്ത് ചപ്പാത്തി തയ്യാറാക്കി നോക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
സവാള വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു കാരറ്റ് ചെറുതായി അരിഞ്ഞത്, കാൽ കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് പച്ചക്കറികൾ എല്ലാം തന്നെ നല്ലതുപോലെ വഴറ്റിയെടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വഴറ്റിവച്ചതെല്ലാം പാത്രത്തിന്റെ ഒരു സൈഡിലേക്ക് മാറ്റി രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ വേവിച്ച് നന്നായിത്തന്നെ ചിക്കി എടുക്കുക.
അതിനുശേഷം പച്ചക്കറികളുമായി ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. അതിലേക്ക് കാൽ കപ്പ് വെള്ളം കൂടി ചേർത്ത് എല്ലാം നന്നായി വേവിക്കുക. അതിനുശേഷം മൂന്ന് ചപ്പാത്തി ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള വലിപ്പത്തിൽ മുറിച്ചെടുക്കുക. ശേഷം ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക അതോടൊപ്പം കുറച്ച് ക്യാപ്സിക്കം, മല്ലിയില ചേർക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Credit : Shamees Kitchen