മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. പ്രായപൂർത്തിയായ ഒരാളുടെ കരളിന് ഏകദേശം 150 ഗ്രാം തൂക്കം ഉണ്ടാകും. ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ആന്തരിക അവയവം കൂടിയാണിത്. ശരീരത്തിൽ എത്തുന്ന വിഷാംശങ്ങളെ സംസ്കരിച്ച് വൃത്തിയായി സൂക്ഷിക്കുവാൻ സഹായിക്കുന്നു. ശരീരത്തിൻറെ അരിപ്പ എന്നറിയപ്പെടുന്നതും കരൾ തന്നെ. എന്നാൽ പുതുതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കരളിൻറെ ആരോഗ്യം.
ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമക്കുറവ്, അമിതഭാരം, ചില മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയവയെല്ലാം കരളിൻറെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. മദ്യപിക്കുന്നവരിൽ മാത്രം കണ്ടിരുന്ന പല കരൾ രോഗങ്ങളും ഇന്ന് മദ്യപിക്കാത്തവരിലും സുലഭമായി കണ്ടുവരുന്നു.
മദ്യപിക്കുന്നവരിൽ കാണുന്ന ഫാറ്റി ലിവറിനെ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നും മദ്യപിക്കാത്തവരിൽ ഉണ്ടാകുന്ന ഫാറ്റി ലിവർ രോഗത്തെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നും വിളിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. നിറവും മണവും രുചിയും നോക്കി ആഹാരം തിരഞ്ഞെടുക്കുന്ന തലമുറ അതിൻറെ ഗുണങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല.
മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ്ഡ് ഫുഡ്സ്, ചുവന്ന ഇറച്ചി ഇവയെല്ലാം കരളിൻറെ ആരോഗ്യത്തെ ബാധിക്കുന്നു. ശരീരത്തിൻറെ മെറ്റാബോളിസത്തിൽ ഉണ്ടാകുന്ന കുറവും കരൾ രോഗങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ദൈനംദിന ജീവിതത്തിൽ കുറച്ച് സമയമെങ്കിലും വ്യായാമത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ഒട്ടുമിക്ക കരൾ രോഗങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. പ്രാരംഭഘട്ടത്തിൽ പല കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ വളരെ വൈകിയാണ് ഇവ തിരിച്ചറിയപ്പെടുന്നത്. തുടക്കത്തിൽ തന്നെ ചില നിയന്ത്രണങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ സങ്കീർണതകൾ ഇല്ലാതാക്കാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.