ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടമാണ് യുവത്വം. എന്നും ചെറുപ്പമായിരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ പ്രായത്തെ പിടിച്ചുനിർത്താൻ ആർക്കും തന്നെ സാധിക്കുകയില്ല.ചർമ്മ സൗന്ദര്യം, മാനസികമായ ഉണർവും ഊർജ്ജവും, ശരീരത്തിന്റെ ഫിറ്റ്നസ് തുടങ്ങിയവയെല്ലാം ചേർന്നതാണ് യുവത്വം. യൗവന കാലഘട്ടത്തിൽ പലരും അതിനുള്ള പ്രാധാന്യം കൊടുക്കുന്നില്ല. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ യൗവനം അതിൻറെ ഊർജ്ജസ്വലതയോടെ കാത്തുസൂക്ഷിക്കുവാൻ സാധിക്കും.
യുവത്വം കാത്തു സൂക്ഷിക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ഭക്ഷണരീതി. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടവരുത്തരുത്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ആൻറി ഓക്സിഡന്റുകൾ അടങ്ങിയ ആഹാരങ്ങളാണ് ശരീരത്തിന് യുവത്വം നൽകുന്നത്. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാവുന്നതാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണസാധനങ്ങൾ ചർമ്മത്തിൽ ചുളിവുകൾ വരാതെ കാത്തുസൂക്ഷിക്കുന്നു.
ഗ്രീൻ ടീ, വെളുത്തുള്ളി, ചെറുനാരങ്ങ, ആപ്പിൾ, ഓറഞ്ച്, പപ്പായ, ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാം ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നവയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തിന് സൗന്ദര്യം മാത്രമല്ല ആരോഗ്യവും ലഭിക്കും. വൈറ്റ് പോയ്സൺ എന്നറിയപ്പെടുന്ന പഞ്ചസാര, മധുര പലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. പഞ്ചസാര അടങ്ങിയിട്ടുള്ള ബേക്കറി പദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.
ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം തന്നെ യുവത്വം നിലനിർത്താൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും പ്രസന്നതയും ലഭിക്കണമെങ്കിൽ വ്യായാമം ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് ധ്യാനം അല്ലെങ്കിൽ യോഗ പരിശീലിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരത്തെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.