മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പേർളി മാണി. സമൂഹമാധ്യമങ്ങളിൽ സജീവമായ പേർളിയുടെ കുടുംബത്തെ മലയാളികൾക്ക് ഒത്തിരി ഇഷ്ടമാണ്. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ്, ഷോയിലെ സഹമത്സരാർഥിയായ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുന്നത്. ഇരുവരുടെയും പ്രണയം മലയാളികളുടെ ശ്രദ്ധ നേടിയിരുന്നു. വൈകാതെ മലയാളികളുടെ ഇഷ്ടജോഡിയായി ഇരുവരും മാറി. ഇരുവരുടെയും ഏകമകൾ നിലയെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.
മകളുടെ വിശേഷങ്ങൾ മുടങ്ങാതെ ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ, തങ്ങളുടെ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പേർളിയും ശ്രീനിഷും. പേർളിയുടെ സഹോദരി റൈചലിന്റെ മകൻ ആയ റൈനിനെ പേർളി മടിയിൽ എടുത്തപ്പോഴുള്ള നിലയുടെ പ്രതികരണമാണ് രസകരമായ വീഡിയോയായി താരം പങ്കുവെക്കുന്നത്.
അപ്പു എന്ന് വിളിക്കുന്ന റൈനിനെ പേർളി മടിയിൽ എടുക്കുമ്പോൾ, നില മുത്തശ്ശൻറെ മടിയിൽ ആയിരുന്നു ഇരുന്നത്. പേർളി അപ്പുവിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ നിലയുടെ മുഖത്ത് അസൂയ നിറയുകയും, അത് കണ്ട് വീട്ടിലുള്ളവർക്കെല്ലാം ചിരി വരുന്നതും വിഡിയോയിൽ കാണാം. ഈയൊരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുറുമ്പിയായ നിലയെ നിയന്ത്രിക്കാൻ പാടുപെടുന്ന പേർളിയെ ഈ വീഡിയോയിൽ കാണാൻ സാധിക്കും. അടുത്തിടെ നിലയുടെ മറ്റൊരു വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.
ആഹാരം കഴിക്കാൻ മടി ഉള്ള നിലയുടെ ഒരു വീഡിയോ ആണ് അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. മകൾ നിലയുടെ കുസൃതികളും കുറുമ്പുകളും വിഡിയോയിൽ പകർത്തി അത് ആരാധകർക്ക് മുന്നിൽ പലപ്പോഴും പങ്കുവെക്കാറുണ്ട് പേർളി. അതുകൊണ്ട് തന്നെ മലയാളികളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി മാറിയിരിക്കുകയാണ് നില ബേബി. കുഞ്ഞ് താരത്തിന്റെ പുതിയ രസകരമായ വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.