ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടുന്നതിനെയാണ് അമിതവണ്ണം എന്നു പറയുന്നത്. പൊണ്ണത്തടിയെ മെറ്റാബോളിക് സിൻഡ്രം എന്ന അവസ്ഥയുമായി ബന്ധപ്പെടുത്തി പറയാം. ഇത് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കുന്നു.
വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ, നേത്രരോഗങ്ങൾ, സ്ട്രോക്ക്, ന്യൂറോപ്പതി എന്നിങ്ങനെ പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവാം. അമിതവണ്ണം ഉള്ള രോഗികൾക്ക് സന്ധിവാതം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. അമിതവണ്ണം സന്ധികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം മുട്ടുവേദനയും നടുവേദനയും എല്ലാ പ്രായക്കാരിലും ഉണ്ടാകുന്നതിന് കാരണമാകും. അമിതഭാരം കാരണം അനങ്ങാൻ കഴിയാതെ വരുകയും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു.
അമിതവണ്ണം ഉള്ളവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെറിയ ദൂരം നടക്കുമ്പോഴും കോണിപ്പടികൾ കയറുമ്പോഴും ശ്വാസംമുട്ടലും ഉണ്ടാവുന്നു. പൊണ്ണത്തടിയും പിസിഒഡിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളെ ആർത്തവ പ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കുള്ള പ്രധാന കാരണം ഇതുതന്നെ. മാനസികമായി തളർത്തുന്ന ഒന്നാണ് പൊണ്ണത്തടി ശരീരത്തിന് സൗന്ദര്യമില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന പ്രശ്നങ്ങൾ വ്യാപകമാണ് ഇതുമൂലം മാനസിക സാമൂഹിക ആഘാതം അവരിൽ ഉണ്ടാക്കുന്നു.
അമിതവണ്ണം ഉള്ളവർ പലപ്പോഴും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ഇന്നത്തെ സമൂഹം വളരെ ഭയത്തോടു മാത്രം നോക്കിക്കാണുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. പൊണ്ണത്തടി ഉള്ളവരിൽ ഈ രോഗം വരുന്നതിനുള്ള സാധ്യതയും ഏറെയാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയും ചിട്ടയായ വ്യായാമവും ഒരു പരിധി വരെ അമിതവണ്ണം അകറ്റുന്നതിന് സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.